കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിലിനെ പോലീസ് മർദിച്ചെന്ന് പരാതി
Tue, 21 Feb 2023

കളമശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. കെ എസ് യു നേതാവ് മിവ ജോളിക്കെതിരായ പോലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ചെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. എ സി പിയും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നും ഷാഫി ആരോപിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാനെത്തിയ ഷാഫിയെയും പോലീസ് ആക്രമിച്ചതായും പരാതിയുണ്ട്.