ഒടുവിൽ എൻഎം വിജയന്റെ കുടിശ്ശിക തീർത്ത് കോൺഗ്രസ്; ബാങ്കിൽ അടച്ചത് 60 ലക്ഷം രൂപ

nm vijayan

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീർത്ത് കോൺഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കിൽ അടച്ചു. എൻ എം വിജയന്റെ ബാധ്യത സെപ്റ്റംബർ 30ന് മുൻപായി അടച്ച് തീർത്തില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

നടപടിക്രമങ്ങൾക്ക് ശേഷം എൻ എം വിജയന്റെ ആധാരം ഉൾപ്പെടെയുള്ളവ തിരിച്ച് നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. കുടിശ്ശിക തീർക്കാൻ കോൺഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാർമിക ഉത്തരവാദിത്തത്തിന്റെ പേരിൽ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു പാർട്ടി നേതൃത്വം വിശദീകരിച്ചിരുന്നത്. തന്റെ പിതാവ് പാർട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാൻ നോക്കുന്നതായി വിജയന്റെ മരുമകൾ പത്മജ ആരോപിച്ചിരുന്നു. 

2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. പാർട്ടിക്കായി വരുത്തിവച്ച കടം തങ്ങളുടെ ബാധ്യതയാകുന്നുവെന്ന് ആരോപിച്ച് പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ ചർച്ചയായിരുന്നു.

Tags

Share this story