കോണ്‍ഗ്രസിന് 30 ശതമാനം വോട്ട് 8 ജില്ലകളില്‍; സിപിഐഎമ്മിന് 2 ജില്ലകളില്‍ മാത്രം: ബിജെപിക്ക് 14.76 ശതമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുഡിഎഫിന് വലിയ മുന്നേറ്റമാണ് ഈ കണക്കുകളില്‍ കാണാന്‍ കഴിയുന്നത്.
കോണ്‍ഗ്രസിന് 29.17% വോട്ടാണ് നേടാനായത്. സിപിഐഎമ്മിന് 27.16% വോട്ട് ലഭിച്ചു. അതേ സമയം ബിജെപിക്ക് 14.76% മാത്രമേ നേടാനായുള്ളു. മുസ്‌ലിം ലീഗ് 9.77% വോട്ട് നേടി. സിപിഐക്ക് 5.58% വോട്ടാണ് ലഭിച്ചത്.
കോണ്‍ഗ്രസ് എട്ട് ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് നേടി. സിപിഐഎമ്മിന് രണ്ട് ജില്ലകളില്‍ മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. ബിജെപിക്കാകട്ടെ ഒരു ജില്ലയില്‍ പോലും 30 ശതമാനം വോട്ട് നേടാനായില്ല. 20 ശതമാനത്തിലേറെ വോട്ട് ബിജെപിക്ക് നേടാനായത് ആകെ ഒരു ജില്ലയിലാണ്. അത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റ് നേടിയതാണ് ബിജെപിയെ ജില്ലയില്‍ 20 ശതമാനം കടക്കാന്‍ സഹായിച്ചത്.
സിപിഐഎമ്മിന് 30 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിച്ചത് കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ്. കോണ്‍ഗ്രസിന് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിലാണ് 30 ശതമാനം വോട്ട് നേടാനായത്.
