അനുനയ നീക്കം വിജയിച്ചു: വയനാട്ടിലെ കോൺഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

jasheer

വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ ജഷീർ പള്ളിവയൽ സ്ഥാനാർഥിത്വം പിൻവലിച്ചു. ജില്ലാ പഞ്ചായത്ത് തോട്ടുംചാൽ ഡിവിഷനിലേക്ക് മത്സരിക്കാനാണ് ജഷീർ പത്രിക നൽകിയിരുന്നത്. പിന്നാലെ കോൺഗ്രസ് അനുനയ നീക്കം നടത്തിയിരുന്നു. ഡിസിസി ഓഫീസിലെത്തി മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പത്രിക പിൻവലിച്ചത്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജഷീർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അടിത്തട്ടിലിറങ്ങി പണിയെടുക്കുന്നവർ പാർട്ടിക്ക് ശത്രുക്കളാകുമെന്നായിരുന്നു പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരുന്നത്. മേൽത്തട്ടിലിരുന്ന് കൈവീശി കാണിക്കുന്നതാണ് ഉചിതമെന്നും പോസ്റ്റിൽ പറയുന്നു

കഴിഞ്ഞ ദിവസം നിരവധി ആളുകൾക്കൊപ്പമാണ് ജഷീർ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. ജഷീറിന്റെ വിമത സ്ഥാനാർഥിത്വത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായിരുന്നു.
 

Tags

Share this story