ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി: 'പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ല'; രമ്യ ഹരിദാസ് എംഎൽഎയുടെ വാദം തള്ളി രേഖകൾ

രമ്യ മർദ്ദനം

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരും രമ്യ ഹരിദാസ് എംഎൽഎയും തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പുതിയ തിരിവ്. തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് (അഡീഷണൽ പി.എ) ആണെന്ന രമ്യ ഹരിദാസിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു.

​എംഎൽഎമാർക്കായി സർക്കാർ അനുവദിച്ചിട്ടുള്ള ഔദ്യോഗിക പേഴ്സണൽ സ്റ്റാഫുകളുടെ പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. നിലവിൽ ഡെപ്യൂട്ടേഷനിൽ എത്തിയ വിമല അടക്കം മൂന്ന് പേരാണ് എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിലുള്ളത്. മുൻപ് ആലത്തൂർ എംപിയായിരുന്ന സമയത്ത് പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നുവെങ്കിലും നിലവിലെ എംഎൽഎ സ്റ്റാഫ് പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. എന്നാൽ പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസ് നൽകുന്ന വിശദീകരണം.

​തർക്കത്തിന്റെ തുടക്കം

​ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഔദ്യോഗിക യോഗത്തിൽ ഔദ്യോഗിക പദവിയില്ലാത്ത പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉടലെടുത്തത്.

വാട്സ്ആപ്പ് പോസ്റ്റും വാക്കേറ്റവും: ഔദ്യോഗിക സ്ഥാനമില്ലാത്ത പ്രദീപ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിടുകയായിരുന്നു.

വീടുകയറിയുള്ള സംഘർഷം: ഇതിന് പിന്നാലെ രമ്യ ഹരിദാസും പാളയം പ്രദീപും ചേരുന്ന് സജാദിന്റെ വീട്ടിലെത്തി സംസാരിക്കവേ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഭീഷണിയും പരാതിയും: സജാദിന്റെ മകളെ ഭീഷണിപ്പെടുത്തി പോസ്റ്റ് ഉറക്കെ വായിപ്പിച്ചെന്നും പ്രദീപ് വീട്ടിൽ അതിക്രമിച്ചു കയറിയെന്നും ആരോപണമുണ്ട്. അതേസമയം തങ്ങളെ ആസൂത്രിതമായി ആക്രമിച്ചെന്നും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ആരോപിച്ചാണ് എംഎൽഎ പരാതി നൽകിയിട്ടുള്ളത്.

​സംഭവത്തിൽ എംഎൽഎയുടെ പരാതിയിൽ ഏഴ് പ്രാദേശിക നേതാക്കൾക്കെതിരെ എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമമടക്കം ചുമത്തി കേസ് എടുത്തപ്പോൾ, സജാദിന്റെ പരാതിയിൽ എംഎൽഎയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്താൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

Tags

Share this story