മൂന്നാം സീറ്റ് തരാനാകില്ലെന്ന് കോൺഗ്രസ്; മുസ്ലിം ലീഗിനെ സാഹചര്യം ബോധ്യപ്പെടുത്തി

udf

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്. സീറ്റ് വിട്ടുതരാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി. അതേസമയം കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാൻ ധാരണയായി. സീറ്റുകളുടെ കാര്യത്തിൽ ഒന്നിച്ചുള്ള പ്രഖ്യാപനം അടുത്താഴ്ചയുണ്ടാകും. 

എന്നാൽ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്‌തേ തീരുമാനം പറയാനാകൂ എന്നാണ് ലീഗിന്റെ നിലപാട്. പതിനാലിന് യുഡിഎഫ് യോഗം വീണ്ടും ചേരും. അതിന് മുമ്പായി ലീഗ് യോഗം ചേർന്ന് തീരുമാനം കോൺഗ്രസിനെ അറിയിക്കും. കോട്ടയം സീറ്റിൽ ഫ്രാൻസിസ് ജോർജ് ആയിരിക്കും മത്സരിക്കുക. അടുത്താഴ്ച കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും

കൊല്ലത്ത് ആർ എസ് പിക്ക് വേണ്ടി എൻ കെ പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കും. കോൺഗ്രസിന്റെ 13 സിറ്റിംഗ് എംപിമാരോടും അതാത് മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനും യുഡിഎഫ് നിർദേശിച്ചിട്ടുണ്ട്.
 

Share this story