ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കൊപ്പം: സതീശൻ

എൻ എസ് എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ്. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്. അത് അവരുടെ ഇഷ്ടമാണ്. മുമ്പ് എസ്എൻഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാട് എടുത്തിരുന്നു. ഇപ്പോൾ അവരതു മാറ്റി. അതുപോലെ ഓരോ സംഘടനക്കും അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ആകാശം ഇടിഞ്ഞ് വീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റി. കേരളത്തിലെ സിപിഎം ഇപ്പോൾ എല്ലാ ജാതി മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വലതുപക്ഷ പാർട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.