കൊച്ചിയിൽ കോർപറേഷൻ സെക്രട്ടറിയടക്കം ജീവനക്കാരെ വളഞ്ഞിട്ട് മർദിച്ച് കോൺഗ്രസുകാർ

kochi

കൊച്ചി കോർപറേഷന് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ കോർപറേഷൻ ജീവനക്കാർക്ക് മർദനം. കോർപറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. സുഭാഷ് പാർക്കിന് അകത്ത് വെച്ചായിരുന്നു മർദനം. ഉച്ചയോടെ ഓഫീസിൽ പ്രവേശിക്കാൻ കോർപറേഷൻ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മർദനമേറ്റത്

കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവർസിയർ സുരേഷിനും ഹെൽത്ത് സെക്ഷനിലെ ജീവനക്കാരൻ വിജയകുമാറിനും മർദനമേറ്റു. പൂർണമായും നഗരസഭ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നത്. 

രാവിലെ നാല് ജീവനക്കാർ പോലീസ് സംരക്ഷണത്തിൽ ഓഫീസിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ ജോലിക്കെത്തിയ ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ തെറി വിളിച്ചു. തിരികെ പോകാൻ ബസ് സ്‌റ്റോപ്പിലേക്ക് നീങ്ങിയ ഇദ്ദേഹത്തെ കോൺഗ്രസുകാർ പുറകെ വന്ന് ചവിട്ടി. ജീവനക്കാരൻ പ്രാണൻ ഭയന്ന് ചാടിക്കയറിയ ബസിന് നേർക്ക് വെള്ളക്കുപ്പി വലിച്ചെറിഞ്ഞും കോൺഗ്രസുകാർ അഴിഞ്ഞാടുകയായിരുന്നു. ഒരു പ്രകോപനവും കൂടാതെയാണ് ജീവനക്കാരെ അടക്കം കോൺഗ്രസുകാർ മർദിച്ചത്.
 

Share this story