വിഎം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോൺഗ്രസ് വാദം പൊളിയുന്നു; 2020ലെ തെരഞ്ഞെടുപ്പിലും വോട്ടില്ല
കോഴിക്കോട് കോർപറേഷൻ തെരഞ്ഞെുപ്പിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി സംവിധായകൻ വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്ന കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു. സ്ഥാനാർഥിയായി വിനുവിനെ പ്രഖ്യാപിച്ച ശേഷം വോട്ട് വെട്ടിയെന്ന ആരോപണമായിരുന്നു കോൺഗ്രസ് ഉന്നയിച്ചത്. എന്നാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ വോട്ട് ചെയ്തുവെന്ന് വിഎം വിനു ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വിഎം വിനു ഉൾപ്പെട്ടിരുന്നില്ല എന്നാണ് വിവരം. വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്ത സംഭവത്തിൽ തുടർ നടപടികൾ ആലോചിക്കാനായി കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു
വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥാനാർഥികളായ വിഎം വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നുവെന്ന വിവരം ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ തള്ളി. പേരില്ലെങ്കിൽ ആ പട്ടിക എവിടെയെന്നായിരുന്നു പ്രവീൺ കുമാറിന്റെ ചോദ്യം.
