കെ റെയിൽ അട്ടിമറിക്കാൻ ഗൂഢാലോചന, 150 കോടി സതീശന്റെ കയ്യിലെത്തി; ഗുരുതര ആരോപണം

നിയമസഭയിൽ വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിന് ചുക്കാൻ പിടിച്ചെന്നും അൻവർ ആരോപിച്ചു. കർണാടകയിലെയും ഹൈദരാബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ഇതിനായി 150 കോടി സതീശന്റെ കയ്യിലെത്തിയെന്നും അൻവർ ആരോപിച്ചു

മീൻ കയറ്റി വരുന്ന കണ്ടെയ്‌നർ ലോറികളിലാണ് പണമെത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സതീശൻ സ്ഥിരമായി ബംഗളൂരുവിലേക്ക് പോകുന്നുണ്ട്. യാത്രാരേഖകൾ പരിശോധിക്കണമെന്നും പിവി അൻവർ പറഞ്ഞു

ആദ്യഘട്ടത്തിൽ പ്രതിപക്ഷം കെ റെയിലിനെ കാര്യമായി എതിർത്തിരുന്നില്ല. പിന്നീട് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പദ്ധതിക്കെതിരെ കുപ്രചാരണം നടത്തി. വിഡി സതീശനായിരുന്നു ഇതിന്റെയെല്ലാം നേതാവ്. വിഡി സതീശനൊപ്പം സമാജികനായി ഇരിക്കേണ്ടി വന്നതിൽ തല കുനിക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു
 

Share this story