കോർട്ട് ഫീ കെട്ടിവെച്ചില്ല; കെ സുധാകരൻ നൽകിയ മാനനഷ്ട ഹർജി കോടതി തള്ളി

sudhakaran

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലിസ് അറസ്റ്റ് ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് തലശേരി കോടതി തള്ളി. അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തലശ്ശേരി അഡീഷണൽ സബ് കോടതി തള്ളിയത്. മാനനഷ്ടക്കേസിൽ കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ നൽകാൻ സുധാകരൻ തയ്യാറായിരുന്നില്ല. സുധാകരൻ നൽകിയ പാപ്പർ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നു.

കണ്ണൂർ മണ്ഡലം എംഎൽഎ ആയിരിക്കെ ഗൂഢാലോചനക്കുറ്റത്തിന് 1997ലാണ് കെ സുധാകരൻ അറസ്റ്റിലായത്. അറസ്റ്റ് അന്യായമെന്ന് കാട്ടി 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്ത വർഷം സുധാകരൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. കൂടെ 3.43 ലക്ഷം രൂപ കെട്ടിവെക്കാൻ വകുപ്പില്ലെന്ന് കാട്ടി പാപ്പർ ഹർജിയും നൽകി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരന്റെ ഹർജി കോടതി അംഗീകരിച്ചു

കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വർഷമാണ്. സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നെന്നും വാദിച്ച് സർക്കാർ കോടതിയിലെത്തി. ഇത് അംഗീകരിച്ചാണ് സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി അഡീഷണൽ സബ് കോടതി ഉത്തരവിട്ടത്. അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ 15 ദിവസത്തിനുളളിൽ അടയ്ക്കണമെന്നായിരുന്നു കോടതി നിർദേശം. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കേസ് തള്ളിയത്.

Share this story