അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; നരഹത്യാക്കുറ്റം ഉൾപ്പെടെ തെളിഞ്ഞു

madhu

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈൻ കുറ്റക്കാരൻ. മധുവിന്റെ നെഞ്ചിൽ ചവിട്ടിയത് ഹുസൈനാണ്. ചവിട്ടേറ്റ് വീണത് മുക്കാലിയിലെ ഭണ്ഡാരത്തിലാണ്. തലയടിച്ചാണ് മധു വീണത്. മരണത്തിന് കാരണമായ പരുക്ക് തലയ്ക്ക് ഏറ്റ ക്ഷതമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. രണ്ടാം പ്രതി മരയ്ക്കാറും കുറ്റക്കാരൻ. മരയ്ക്കാർ മധുവിനെ മനപ്പൂർവം ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ പിടിച്ചു കൊണ്ടുവരികയായിരുന്നു. 

ഹുസൈനെതിരെ രഹസ്യമൊഴി നൽകിയ 13ാം സാക്ഷി സുരേഷിന്റെ മൊഴിയാണ് നിർണായകമായത്. മരയ്ക്കാറിനെതിരെ തെളിഞ്ഞത് പ്രതികൾ തന്നെയെടുത്ത മൊബൈൽ ഫോൺ ദൃശ്യങ്ങളാണ്. മൂന്നാം പ്രതി ഷംസുദ്ദീനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മധുവിന്റെ കൈകൾ കൂട്ടിക്കെട്ടിയതും വടി കൊണ്ട് അടിക്കുന്നതും ഷംസുദ്ദീനാണ്. അടിയേറ്റ് ഷംസുദ്ദീന്റെ വാരിയെല്ല് തകർന്നിരുന്നു. 

അഞ്ചാം പ്രതി രാധാകൃഷ്ണനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ആറാം പ്രതി അബൂബക്കറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഏഴാം പ്രതി സിദ്ധിഖും കുറ്റക്കാരനാണ്. ആറും ഏഴും പ്രതികൾ സമാനമായ കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. എട്ടാം പ്രതി ഉബൈദും കുറ്റക്കാരൻ. മധുവിനെ പിടികൂടാൻ കാട്ടിലേക്ക് പോയ ആളുകളിൽ ഒരാളാണ് ഉബൈദ്. മധുവിനെ മർദിക്കാനും ഉബൈദ് ഒപ്പമുണ്ടായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഒമ്പതാം പ്രതി നജീബിനെയും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. നജീബിന്റെ ജീപ്പിലാണ് പ്രതികൾ മധുവിനെ പിടികൂടാനായി കാട്ടിലേക്ക് പോയത്. മധുവിനെ മർദിക്കാനും നജീബ് ഒപ്പമുണ്ടായിരുന്നു. 10ാം പ്രതി ജൈജു മോനെയും കുറ്റക്കാരനായി കോടതി വിധിച്ചു. 12ാം പ്രതി സജീവും കുറ്റക്കാരൻ. മറ്റ് പ്രതികൾക്കൊപ്പം കാട്ടിലേക്ക് പോകുകയും മധുവിന്റെ കൈകൾ കെട്ടാൻ സഹായിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്ന കുറ്റമാണ് സജീവിനെതിരെ തെളിഞ്ഞത്. 13ാം പ്രതി സതീഷും 14ാം പ്രതി ഹരീഷും 15ാം പ്രതി ബിജുവും 16ാം പ്രതി മുനീർ എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി. അതേസമയം നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം എന്നിവരുടെ മേൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

അനധികൃതമായി സംഘം ചേരൽ, നരഹത്യ, മർദനമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറുമാറി. കൂറുമാറിയവരിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 16 പ്രതികളാണ് കേസിലുള്ളത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുമുണ്ടായി. രഹസ്യ മൊഴി നൽകിയവർ വരെ കൂറുമാറി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടി വന്നു. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് മധുവിനെ കൊലപ്പെടുത്തുന്നത്.
 

Share this story