മൂന്ന് ദിവസത്തെ ഇളവുകൾ തീർന്നു; സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്

മൂന്ന് ദിവസത്തെ ഇളവുകൾ തീർന്നു; സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നൽകിയ ഇളവുകൾക്ക് ശേഷം സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്. ലോക്ക് ഡൗൺ ഇളവുകൾ തത്കാലം നൽകേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗം എടുത്തത്. വാരാന്ത്യ ലോക്ക് ഡൗണും തുടരും

ബക്രീദിന് ഇളവ് നൽകിയതിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇളവുകൾ തുടരേണ്ടതില്ലെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പന്ത്രണ്ടിന് അടുത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തെ ഇളവുകൾ കൊവിഡ് പ്രതിരോധത്തെ സാരമായി ബാധിച്ചുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ടിപിആർ കൂടുതുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിർദേശം നൽകി. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നു.

രാത്രി എട്ടുവരെയായിരുന്നു അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ ഇന്നലെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഈ ഇളവുകളെല്ലാം നിർത്തലാക്കി.

 

Share this story