നിർണായക സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്; എ. പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എംഎൽഎയുമായ എ. പത്മകുമാറിനെതിരെയുള്ള സംഘടനാ നടപടി ചർച്ച ചെയ്യാൻ നിർണായക സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പത്മകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് പാർട്ടി കടക്കുമെന്നാണ് സൂചനകൾ.
സംഘടനാനടപടി ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് മുതിർന്ന നേതാക്കളായ തോമസ് ഐസക്, വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരെയുള്ള നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ അംഗീകാരം ആവശ്യമാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ പത്മകുമാർ നിലവിൽ ജാമ്യത്തിലാണ്. പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയിട്ടും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിൽ അണികൾക്കിടയിലും വലിയ അമർഷമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയിരുന്നുവെങ്കിലും നടപടി വേണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.
അതേസമയം, പാർട്ടി നടപടിക്കൊരുങ്ങുന്ന പശ്ചാത്തലത്തിൽ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും കൂടുതൽ ആത്മകഥാപരമായ വെളിപ്പെടുത്തലുകൾ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
