രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഐ; മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തത്തിനില്ലെന്ന് സിപിഐ. രണ്ട് ടേം വ്യവസ്ഥ വന്നാൽ വിജയ സാധ്യത കുറയുമെന്ന് കണക്കാക്കിയാണ് നീക്കം. മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും. പട്ടാമ്പിയിൽനിന്ന് മുഹമ്മദ് മുഹ്സിൻ തന്നെയായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന. കൊടുങ്ങല്ലൂരിൽ നിന്ന് അഡ്വ. വി ആർ സുനിൽ കുമാറിനെ മാറ്റിയേക്കില്ല.
മൂന്ന് ടേം പൂർത്തിയാക്കിയ എല്ലാവരെയും മാറ്റും. അങ്ങനെയാണെങ്കിൽ ഇ ചന്ദ്രശേഖരൻ, ചിറ്റയം ഗോപകുമാർ, ഇ കെ വിജയൻ, ഇ എസ് ജയലാൽ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാവില്ല. മൂന്നാമതും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി എൽഡിഎഫ് മുന്നോട്ടുപോകുമ്പോൾ അതിനായി ചില വിട്ടുവീഴ്ചകൾ ചെയ്യാനാണ് സിപിഐയുടെ നീക്കം.
17 എംഎൽഎമാരാണ് സിപിഐക്ക് ഉള്ളത്. ഇതിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. പിന്നീടുള്ള 16 എംഎൽഎമാരിൽ 11 പേരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ 11 പേരെയും മാറ്റുകയാണെങ്കിൽ വലിയ രീതിയിൽ പുതുമുഖങ്ങളെ കണ്ടെത്തേണ്ടിവരും. ഇത് വിജയസാധ്യത പല സ്ഥലത്തും കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ.
