വീണാ വിജയന്റെ കമ്പനിയ്‌ക്കെതിരായ കേന്ദ്ര അന്വേഷണം അവഗണിക്കാന്‍ സിപിഐഎം; അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം അവഗണിക്കാന്‍ ഉറച്ച് സിപിഐഎം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി. എക്‌സാലോജിക്കിന് എതിരെ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം. നേരത്തെയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല. വിശാലമായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഐഎം വിലയിരുത്തുന്നു. സംസ്ഥാന കമ്മിറ്റിയിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് നേരത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചിരുന്നു.

നവകേരള സദസ്സ് മുന്നണി വിചാരിച്ചതിനേക്കാള്‍ വലിയ വിജയമായി എന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. നവകേരള സദസ്സിലൂടെ ലഭിച്ച പരാതികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത ശേഷമായിരുന്നു സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചശേഷമായിരുന്നു സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലുകള്‍. അതേസമയം കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനാണ് ഇന്നത്തെ കമ്മിറ്റിയും തീരുമാനിച്ചിരിക്കുന്നത്. സിപിഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കും.

Share this story