സിപിഎം-സിപിഐ തർക്കം രമ്യതയിലേക്ക്; മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ തർക്കം രമ്യതയിലേക്ക്. സിപിഎം മുന്നോട്ടുവെച്ച സമവായത്തിന് സിപിഐ വഴങ്ങിയെന്നാണ് വിവരം. ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തേക്കും.
പിഎം ശ്രീ കരാറിൽ ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്ത് നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് നൽകും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെയാണ് സിപിഎം പദ്ധതി നടപ്പാക്കലിൽ നിന്ന് പിന്നോട്ടു പോകാൻ തീരുമാനിച്ചത്.
പദ്ധതിയെ കുറിച്ച് പഠിക്കാനായി ഉപസമിതി രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും പഠിക്കും. അതിന് ശേഷം മാറ്റം നിർദേശിച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് നീക്കം. വിഷയത്തിൽ കേന്ദ്ര നിലപാടും പ്രധാനമാണ്.
