ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള സി.പി.എം ആക്രമണം ലജ്ജാകരം; നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമെന്ന് രാജീവ് ചന്ദ്രശേഖർ
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉത്തരവാദിത്തങ്ങള്‍ നേരിടാനുള്ള സിപിഐഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഐഎമ്മിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. രണ്ടല്ല ഒന്നാണ്. സത്യമറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു നേതാവോ പാര്‍ട്ടിയോ മുന്‍ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ബിജെപി/എന്‍ഡിഎ ഉറപ്പാക്കും – അദ്ദേഹം പറഞ്ഞു.
