കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിക്കുന്നു; ജിഎൻഎ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുന്ന സാഹചര്യമാണ് പൊതുവെയുള്ളത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് വൈദ്യുതിരംഗത്ത് വലിയ പ്രതിസന്ധിയാണെന്നാണ്. അങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്ന് പരിശോധിക്കണം. വൈദ്യുതിയുടെ കാര്യത്തില്‍ പ്രധാന ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരെയാണെന്ന് പറയാന്‍ പറ്റില്ല. കെഎസ്ഇബിയും മന്ത്രിയും എടുത്ത തീരുമാനത്തിനെതിരായ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുമോ എന്നും പിണറായി ചോദ്യമുന്നയിച്ചു.
നേരെ ചൊവ്വേ നടക്കാന്‍ പറ്റാത്തത് നടക്കുന്നെന്നും എന്തിനാണ് വൈദ്യുതി വകുപ്പും മന്ത്രിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ എടുക്കുന്ന തീരുമാനത്തില്‍ പാളിച്ച വന്നാല്‍ മുഖ്യമന്ത്രിക്ക് ഇടപെടാം. എന്നാല്‍ ഇവിടെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ജിഎന്‍എ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന കമ്പനി അല്ല. ഒരു പ്ലാറ്റ്ഫോം മാത്രമാണ്. ടെന്‍ഡര്‍ ഇല്ലാതെ വൈദ്യുതി വാങ്ങാനുള്ള സമ്മര്‍ദ്ദം എങ്ങനെ ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ജിഎന്‍എ തരാന്‍ പോകുന്നത് എവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. കരാറിനെതിരെ കെഎസ്ഇബി തന്നെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാത്ത ചിലര്‍ തന്നെ കത്ത് പുറത്ത് വിട്ടു. രാജമാണിക്യം പ്രാപ്തനായ ഉദ്യോഗസ്ഥനാണ്. ടെന്‍ഡര്‍ ഇല്ലാതെ വൈദ്യുതി വാങ്ങുന്നതിലെ ശരികേട് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാര്‍ തീരുമാനത്തിന് വഴങ്ങാത്തതിനാല്‍ രാജമാണിക്യത്തെ മാറ്റിയെന്നും പിണറായി ആരോപിച്ചു. എന്നാല്‍ കെഎസ്ഇബിയും രാജമാണിക്യവും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അത് കെഎസ്ഇബി കത്തിന് വിരുദ്ധമാണ്. എന്താണ് ഇതിലെ അന്തര്‍നാടകങ്ങള്‍ എന്നും കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്നും പിണറായി ആവശ്യപ്പെട്ടു.
കത്ത് ഇല്ല എന്ന് പറയുന്നത് ആരെ രക്ഷിക്കാനാണ്. സണ്ണി ജോസഫും ഹിമാചല്‍ പ്രദേശിന് അനുകൂലമായി ഫയലില്‍ കുറിച്ചിരുന്നു. അത് മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായിരുന്നു. മുഖ്യമന്ത്രി എന്തിന് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. ഫയല്‍ രേഖകളാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തുന്നതാണ് ആ രേഖകള്‍ എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം ആവശ്യത്തിന് മഴ ലഭിച്ചു. ഡാമുകളിലും വെള്ളമുണ്ട്. ദേശീയവിപണിയിലും ഇപ്പോള്‍ വൈദ്യുതി ഉണ്ട്. വിപണിയില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ എന്തിന് ആഭ്യന്തര ഉദ്പാദനം കുറയ്ക്കുന്നു. 800 മെഗാവാട്ടാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഉല്പാദനം. ഇനിയും 1000 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ട്. ദേശീയ പവര്‍ എക്സ്ചേഞ്ചില്‍ ശരാശരി വില യൂണിറ്റിന് 5 രൂപയാണ്. ജിഎന്‍എ 8.50 രൂപയാണ് ഈടാക്കുന്നത്. വിപണി വിലയേക്കാള്‍ 3.50 രൂപ ജിഎന്‍എ ഈടാക്കുന്നു. ഇതുമൂലം സംസ്ഥാനത്തിന് 635 കോടി അധിക ബാധ്യത ഉണ്ടാകും. ആരുടെ താല്പര്യത്തിലാണ് ഉയര്‍ന്ന നിരക്ക് നല്‍കുന്നതെന്നും പിണറായി ചോദിച്ചു. പകല്‍ സമയും 500 മെഗാവാട്ട് വാങ്ങേണ്ട സ്ഥിതിയാണ് ജിഎന്‍എ കരാറില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറില്‍ ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് പരിഷ്കരിച്ച ഓഫര്‍ പ്രകാരമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 12.50 പൈസയ്ക്ക് വൈദ്യുതി ലഭിച്ചു. പീക്ക് സമയങ്ങളിലേക്കും അവര്‍ വ്യവസ്ഥകള്‍ പരിഷ്കരിച്ചു. എന്നാല്‍ ഇവിടെ എല്ലാ സമയത്തും ജിഎന്‍എയുടെ നിരക്ക് ബാധകമാണ്. അതുമൂലം 727 കോടി രൂപയുടെ അധിക നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎന്‍എ സെബി അന്വേഷണം നേരിടുന്ന കമ്പനിയാണ്. കേന്ദ്ര വൈദ്യുതി കമ്മീഷന്റെ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അന്വേഷണം എന്നും പിണറായി വിശദീകരിച്ചു. അങ്ങനെ ഒരു കമ്പനിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍. ജിഎന്എയില് നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി വാങ്ങിയിട്ടില്ലെന്നും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും തങ്ങള്‍ വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ ലൈസന്‍സ് വിവാദത്തിലും പിണറായിയുടെ പ്രതികരണമുണ്ടായി. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വളരെ വിചിത്രമാണ്. നിയമം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതല്ല. നേരത്തെ മുതലുള്ള കാര്യങ്ങളുടെ തുടര്‍ച്ചയാണ് സംഭവിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് വസ്തുതകള്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കുണ്ടെന്നും അതിന് കൂട്ടായി നിന്ന് എക്സൈസ് മന്ത്രിയും പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഫ്എല്‍-7 ലൈസന്‍സ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഉത്തരവ് വന്നത്. പുതിയ ബാര്‍ ലൈസന്‍സ് നല്കാന് എക്സൈസ് മന്ത്രിയുടെ അനുമതി വേണം. അതില്‍ ഒരു മാറ്റവും എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ഡെപ്യൂട്ടി കമ്മീഷണര്‍ക്കുള്ള അധികാരവും പണ്ടുമുതലേ ചട്ടങ്ങളില്‍ ഉള്ളതാണ്. ആ ചട്ടം തുടരുകയാണ് എല്‍ഡിഎഫ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കല്‍ എന്നുള്ളത് യഥാര്‍ത്ഥത്തില്‍ മോടി പിടിപ്പിക്കല്‍ അല്ലെന്നും സുരക്ഷിതമായ കാര്യങ്ങള്‍ ചെയ്യുന്നതിന് താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രൊപ്പോസല്‍ വന്നിരുന്നെന്നും പിണറായി ചൂണ്ടിക്കാട്ടി. അതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് അന്ന് നീങ്ങിയിരുന്നില്ല. സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ബന്ധമുണ്ട്. ആവശ്യമായ അറ്റകുറ്റ പണി നടത്തുന്നതിന് എന്താണ് തകരാറെന്നും അദ്ദേഹം ചോദിച്ചു. താനിപ്പോഴും താമസിക്കുന്നത് വാടകവീട്ടിലാണ്. രണ്ടാഴ്ചകൊണ്ട് മാറാമെന്ന് വിചാരിച്ചാണ് വാടക വീട്ടിലേക്ക് മാറിയത്. എങ്ങനെയാണ് പ്രതിപക്ഷ നേതാവ് അവിടെ കിടന്നിരുന്നത് എന്നറിയില്ല. അവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പിണറായി പറഞ്ഞു. കണ്ടോണ്മെന്റ ്ഹൗസിലെ തീപിടുത്തത്തെ കുറിച്ച് പ്രതികരിച്ച അദ്ദേഹം താന്‍ അങ്ങോട്ട് മാറിയിട്ടാണ് തീ പിടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പറയുമായിരുന്നു എന്നും തമാശ രൂപേണ ചോദിച്ചു. അതിനുമുമ്പ് ആയതുകൊണ്ട് തന്നെ ഒന്നും പറയാനില്ല. വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ കിടക്കുകയാണ്. പല കെട്ടിടങ്ങളുടെയും അവസ്ഥ ഇതാണ്. മന്ത്രിമാര്‍ താമസിക്കുന്ന പല മന്ദിരങ്ങളും ശോചനീയമായ അവസ്ഥയിലാണെന്നും ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള അറ്റകുറ്റപ്പണികള്‍ എല്ലാ കെട്ടിടങ്ങളിലും നടക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
