വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രമായിരിക്കണം; കെ സുധാകരന് മറുപടിയുമായി സണ്ണി ജോസഫ്

സണ്ണി ജോസഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കെ സുധാകരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. മഴ പെയ്താലും മരം പെയ്യുമല്ലോ എന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്. വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ വളരെ സീനിയര്‍ നേതാവായതുകൊണ്ട് മറുപടി പറയുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്റെ വിമര്‍ശനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു. സുധാകരന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ സുധാകരനെ മാറ്റിയിട്ട് കുറേ കാലമായി. അദ്ദേഹത്തിന്റെ നീരസം പറയാന്‍ ഒരുപാട് അവസരമുണ്ടായിരുന്നു. അതൊന്നും ഉപയോഗിക്കാതെയാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. എന്നിട്ട് പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴാണ് നീരസം പ്രകടിപ്പിക്കുന്നത്. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കെപിസിസി വിലക്കിയിട്ടും പരസ്യ പ്രചരണം നടത്തിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കെതിരെ നടപടി വേണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസിന് ഇതിന് മുന്‍പും അധ്യക്ഷ ഉണ്ടായിട്ടുണ്ട്. ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും ഇതുവരെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. അവര്‍ ആരും ഒരുകാലത്തും എതിര്‍ അഭിപ്രായയവും അനുകൂല അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല.

ഇപ്പോഴത്തെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് എന്തെങ്കിലും പ്രത്യേക അഭിപ്രായം ഉണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് വിമര്‍ശിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെപിസിസിയുടെ വിലക്ക് ലംഘിച്ച് കൊണ്ടാണ് രണ്ട് പേര്‍ രംഗത്ത് വന്നത് ഇവര്‍ക്കെതിരെ കെപിസിസി എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയായിരുന്നു കെ സുധാകരന്‍ എം പി രംഗത്തെത്തിയത്. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചു.അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

Tags

Share this story