വിജിൽ തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; സരോവരത്തെ ചതുപ്പിൽ അസ്ഥി കണ്ടെത്തി
Sep 12, 2025, 11:37 IST

ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി കെ ടി വിജിലിന്റെ കേസിൽ വൻ വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഷൂ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്
2019 മാർച്ച് 24ന് കാണാതായ വിജിലിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ വിജിലിനെ ചതുപ്പിൽ കുഴിച്ചുമൂടിയതായി സുഹൃത്തുകൾ മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്ത് കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി
വിജിലിന്റെ സുഹൃത്തുക്കളും കേസിലെ പ്രതികളുമായ കെ കെ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പിൽ പരിശോധന നടത്തുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.