ശബരിമല യുവതി പ്രവേശനമടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; സർക്കാർ നിലപാട് നിർണായകം

supreme court

ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വർഷത്തിന് ശേഷം വിഷയം പരിഗണിക്കുന്നത്. സ്ത്രീപ്രവേശനവമടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്

ഇവ പരിഗണിക്കാനുള്ള ഒമ്പതംഗ ബെഞ്ച് രൂപവത്കരിക്കുന്നതിന് നിർദേശം നൽകുന്നതിനാണ് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല സ്ത്രീ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും നിലപാട് വ്യക്തമാക്കേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് മറ്റൊരു കുരുക്ക് കൂടിയാണ് ഹർജികൾ

ശബരിമലക്ക് പുറമെ മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം, ഷിയ മുസ്ലീങ്ങളിലെ ദാവൂദി ബോറ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ ചേലാകർമം എന്നിവയിലെ പൊതുനിയമപ്രശ്‌നങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുക. ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് അനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പറയും.
 

Tags

Share this story