കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കെ ജെ ഷൈൻ, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സൈബർ ആക്രമണ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ എൻ ഉണ്ണകൃഷ്ണൻ ആവർത്തിച്ചു.
അതേസമയം കേസിലെ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണൻ ഒളിവിലാണ്. പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. അതിൽ അഭിമാനം ഉണ്ടെന്ന് കെ ജെ ഷൈൻ പറഞ്ഞു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. കോൺഗ്രസ് സംസ്‌കാരം നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവരായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.
നെഹ്റുവിന്റെ മകൾക്ക് അയച്ച കത്തിൽ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും കെ ജെ ഷൈൻ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ എല്ലാം പുറത്തു വരുമെന്ന നിലപാടിലാണ് കെ ജെ ഷൈൻ. കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും കെ ജെ ഷൈൻ തള്ളി.