മേയറാക്കാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടു; സസ്‌പെൻഷനിൽ സന്തോഷമെന്നും ലാലി ജയിംസ്
തൃശ്ശൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ആവർത്തിച്ച് കോർപറേഷൻ കൗൺസിലർ ലാലി ജയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടു. ഫണ്ട് കയ്യിൽ ഇല്ലെന്ന് പറഞ്ഞ് താൻ കൈ കൂപ്പിയെന്നും ലാലി ജയിംസ് വ്യക്തമാക്കി.
മേയർ ആക്കുമെന്നാണ് കരുതിയിരുന്നത്. ആദ്യഘട്ട ചർച്ചകളിൽ തന്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ നിർദേശിച്ചത് മുതിർന്ന നേതാവായ തേറമ്പിൽ രാധാകൃഷ്ണനാണ്. വളരെ സന്തോഷത്തോടെയാണ് സസ്‌പെൻഷൻ വാർത്ത കേട്ടത്. മാധ്യമങ്ങൾ മുഖേനയാണ് വിവരം അറിഞ്ഞത്
തനിക്ക് സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഒരു അറിവും ലഭിച്ചില്ല. തന്നെ വിളിച്ച് കാരണം കാണിക്കൽ നോട്ടീസ് തന്ന് സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്മ കോൺഗ്രസ് പാർട്ടിക്ക് ഉപകരിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ നടന്ന അനീതി പൊതുജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ലാലി ജയിംസ് പറഞ്ഞു
മേയർ പദവിക്ക് പണം ചോദിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ ലാലി ജയിംസിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തത്.
