നിതിൻ രാജിന്‍റെ മരണം; ഡോ. റാമിന് കർശന ഉപാധികളോടെ ജാമ്യം
കണ്ണൂർ:അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. റാമിന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. കോളജിൽ പ്രവേശിക്കാൻ പാടില്ല, കുട്ടികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരില്‍ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്.
