താമിര്‍ ജിഫ്രിയുടെ മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

CBI Jifri

കോഴിക്കോട്: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരില്‍ വെച്ചാണ് ആല്‍ബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും 2 മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീര്‍ക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീര്‍ക്കെട്ടിനു കാരണമായി. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ തൃപ്തരാകാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Share this story