ആദിവാസി യുവാവിന്റെ മരണം: പോലീസ് റിപ്പോർട്ട് തള്ളി എസ് സി, എസ് ടി കമ്മീഷൻ

viswanathan

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിലെ പോലീസ് റിപ്പോർട്ട് തള്ളി എസ് സി, എസ് ടി കമ്മീഷൻ. വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് കമ്മീഷൻ പോലീസിന് നിർദേശം നൽകി. മരണത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്

അന്വേഷണ ഉദ്യോഗസ്ഥാനായ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ സുദർശൻ എസ് സി, എസ് ടി കമ്മീഷന് മുന്നിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ വിശ്വനാഥൻ ജീവനൊടുക്കിയതിൽ അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുത്തത് ശരിയല്ലെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി നാല് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശിച്ചു.
 

Share this story