മുഖ്യമന്ത്രിക്കു നേരെ വധഭീഷണി; തിരുവനന്തപുരം സ്വദേശി പിടിയിൽ

VD Satheshan Press

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസ് (38) ആണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്.

​കഴിഞ്ഞദിവസം വൈകിട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്. നിരവധി തവണ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഇയാൾ പറയുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

​മുഖ്യമന്ത്രിയെ കൊലപ്പെടുത്തി മാധ്യമങ്ങളിലൂടെ വലിയ പ്രശസ്തി നേടാനായിരുന്നു തന്റെ ശ്രമമെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. തനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമല്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും (BNS) കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Tags

Share this story