പോസ്റ്റുകൾ ഇല്ലാതാക്കുന്നത് ഭീരുത്വം; ദീപ ലേഖ സ്ഥലംമാറ്റാന്‍ കാരണം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കൊലപാതകം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ച വിഷയത്തിലാണ് വിമര്‍ശനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാറ്റിയെന്നും ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഗൗരവമേറിയ വിഷയമാണ്. മുഖ്യമന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്ലാവരും തയ്യാറായിക്കോ ട്രാന്‍സ്ഫര്‍ ഉണ്ടാകും എന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദീപ ലേഖയെ ദൂരത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കൊലപാതകം ആണ് ഇത്. മാനദണ്ഡമില്ലാത്ത സ്ഥലം മാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപ ലേഖ', റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്നും റിയാസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും റിയാസ് പറഞ്ഞു. നിലപാട് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രവും ഇല്ലാതാക്കുന്നു. ഭീരുത്വം കാരണമാണ് പോസ്റ്റുകള്‍ ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നുവെന്നും റിയാസ് പറഞ്ഞു.
മോദിയുടെ അതേ രീതി വി ഡി സതീശനും സ്വീകരിക്കുന്നു. തൂഫാന്‍ വിഷയത്തിനും സര്‍ക്കാരിന് രണ്ട് നിലപാടാണോ. മാധ്യമങ്ങളെ ആക്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മഞ്ഞ ഇല വീണാല്‍ പച്ചയില ചിരിക്കേണ്ടതില്ല. നാളെ പച്ച ഇലയും വീഴും', മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
ചൊക്ലി പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെയായിരുന്നു എച്ച് ഐ ദീപ ലേഖ(51) കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ് ദീപ. കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിന് പിന്നാലെയായിരുന്നു സംഭവം. സ്ഥലം മാറ്റത്തില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
