ഡൽഹി മോഡൽ ബാർ കോഴ, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്: കെ സുരേന്ദ്രൻ

K Surendran

കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്. 

സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. 

മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. 

ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിന്റെതിന് സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ട് പോകുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.

Share this story