ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: ഇനി സന്ദേശങ്ങൾ അയക്കരുത്, വിമർശനവുമായി ഹൈക്കോടതി
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിക്ക് കിട്ടിയെന്നും ഹൈക്കോടതി ചോദിച്ചു
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി.
ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു
