കേരളത്തിൽ വികസന ഉത്സവം: കേരളത്തിന്റെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രധാനമന്ത്രി

modi

കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും അടക്കമുള്ള കേരളത്തിന്റെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാൻ അവസരം ലഭിച്ചു. എല്ലാ വികസന പദ്ധതികളുടെ പേരിലും എല്ലാവർക്കും ആശംസ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

വാട്ടർ മെട്രോ കൊച്ചിയിലെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാക്കും. ഡിജിറ്റൽ മേഖലക്ക് വലിയ സംഭാവന നൽകാൻ ഡിജിറ്റൽ സയൻസ് പാർക്കിന് സാധിക്കും. വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടെ തീർഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകും. ജി 20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകൾ വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു

സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്രസർക്കാരിന്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നൽകുന്നത്. റെയിൽവേ സുവർണ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. മുമ്പുള്ള സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു


 

Share this story