നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം; അരവണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെതിരെ കടുപ്പിച്ച് മന്ത്രി കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിച്ച് മന്ത്രി കെ മുരളീധരന്‍. നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണം. മണ്ഡലകാലത്തിന് മുമ്പ് വരുന്ന ഭക്തര്‍ അരവണയും അപ്പവും വാങ്ങേണ്ട എന്നാണോയെന്നും മന്ത്രി ചോദിച്ചു. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അല്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്‌പെഷ്യല്‍ ടീമിനെ വച്ച് മണ്ഡല കാലം നടത്തുന്നത് ആലോചിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. ഒരു കാരണവശാലും സര്‍ക്കാരിന് ഇങ്ങനെ പരീക്ഷണത്തിന് നിന്നുകൊടുക്കാന്‍ കഴിയില്ല. സര്‍ക്കാരിന് ശക്തമായിട്ടുള്ള നിലപാട് സ്വീകരിക്കേണ്ടിവരും. ഭക്തര്‍ക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാന്‍ പാടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നതെന്നാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം. ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര മാസം വേണ്ടി വരും. മണ്ഡലകാലത്തിന് സമാനമായി സ്വാമിമാർ എത്തിയതിനാലാണ് അരവണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തമാസം പത്തിന് അരവണ പ്ലാൻ്റിൻ്റെ നവീകരണം പൂർത്തിയാക്കും. തീർത്ഥാടകർക്ക് വേണ്ടത്ര അപ്പവും അരവണയും നൽകാനുള്ള കരുതലുണ്ടാവുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
മാസപൂജയ്ക്കായി ശബരിമല ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു തുറന്നത്. അഞ്ച് ദിവസത്തെ മാസപ്പൂജകള്‍ക്ക് ശേഷം നട ഇന്ന് രാത്രി പത്ത് മണിയോടെ അടയ്ക്കും. ഓണ്‍ലൈന്‍ ബുക്കിങ്ങിലും സ്‌പോട്ട് ബുക്കിങ്ങിലുമായി ഏകദേശം പതിനേഴായിരത്തോളം ഭക്തര്‍ ഇന്ന് ശബരിമലയില്‍ എത്തിയേക്കും. ഒരാള്‍ക്ക് രണ്ട് ടിന്‍ അരവണ വീതം നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ എന്നാല്‍ 20,000 ടിന്‍ അരവണ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാസപ്പൂജയ്ക്ക് ഉണ്ടാകുന്ന തിരക്ക് മുന്‍കൂട്ടിക്കണ്ട് കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ഗുരുത വീഴ്ച സംഭവിച്ചതായാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. രണ്ട് മണിക്കൂറിലധികം ക്യൂ നിന്ന് അരവണ വാങ്ങേണ്ട അവസ്ഥയാണെന്ന് ഭക്തരും പറയുന്നു. അരവണയ്ക്ക് പുറമേ അപ്പത്തിനും ക്ഷാമമുള്ളതായും ഭക്തര്‍ പറഞ്ഞിരുന്നു.
