എൻഎസ്എസിൽ ഏകാധിപത്യം; എവിടെയായാലും ഏകാധിപതികൾ തകരും: ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ വളരുകയാണെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ചോദ്യവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തിരിച്ചടിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ലക്ഷ്യമിട്ടായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകൾ. "സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ അത് എടുക്കാൻ പറ്റൂ എന്ന് പറയുന്നതുപോലെ, എൻഎസ്എസ് നേതൃത്വത്തിൽ മാറ്റങ്ങൾ താനേ വരുമെന്നും ഏകാധിപത്യം അവസാനിക്കുമെന്നും" ഗണേഷ് കുമാർ വ്യക്തമാക്കി. സംഘടനയുടെ ഭരണഘടന ഒളിച്ചുവെച്ചിരിക്കുകയാണെന്നും, മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെയും തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയെയും തണലായി കരുതിയവരാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും വിരട്ടലൊന്നും തന്നോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിച്ചതായി തനിക്ക് അറിവില്ലെന്നും വി.ഡി. സതീശൻ എൻഎസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
