കറുത്ത കുട്ടികൾക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ; വർണ വെറി ആവർത്തിച്ച് സത്യഭാമ

sathyabhama

ജാതി വർണ വെറി ആവർത്തിച്ച് നൃത്താധ്യാപിക സത്യഭാമ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായാണ് ഇവർ പ്രതികരിച്ചത്. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്ന് പറഞ്ഞ അവർ അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്തു

മോഹിനിയാട്ടം ചെയ്യുന്ന കുട്ടി ആണായാലും പെണ്ണായാലും മോഹിനി ആയിരിക്കണം. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യത്തിന് സൗന്ദര്യമൊക്കെ വേണം. അല്ലാത്തവർ എന്താ സൗന്ദര്യ മത്സരത്തിന് പോകാത്തത്. അതിന് സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ. എത്ര ചാനലുകാർ വന്നാലും എന്റെ നിലപാടിൽ ഉറച്ച് നിൽക്കും

യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ അയാൾ എന്നുദ്ദേശിച്ചത് ആരെയാണെന്ന ചോദ്യത്തിന് അത് ആരോ ആയിക്കോട്ടെ നിങ്ങൾ എന്തിന് അറിയുന്നു എന്നാണ് സത്യഭാമ പ്രതികരിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ജാതി പറഞ്ഞിട്ടില്ല. മതം പറഞ്ഞിട്ടില്ലെന്നും ഇവർ പറഞ്ഞു

കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും. എന്നാൽ മത്സരത്തിന് പോകേണ്ടെന്ന് പറയും. ഒരു തൊഴിലായി പഠിച്ചോ. മത്സരത്തിന് പോകുമ്പോൾ സൗന്ദര്യത്തിന് ഒരു കോളമുണ്ട്. അവർ മാർക്കിടില്ല എന്ന് പറയുമെന്നും സത്യഭാമ പറഞ്ഞു
 

Share this story