ഔദ്യോഗിക വാഹനം മന്ത്രി അറബിക്കടലില്‍ ഒഴുക്കിയോ; സുഹൃത്തിന്റെ ആഡംബര കാര്‍ എന്തെങ്കിലും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമോ: മന്ത്രി കെ.എം ഷാജിക്കെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: മന്ത്രി കെ.എം ഷാജി സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഡിവൈഎഫ്ഐ. വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും എന്തെങ്കിലും ചെയ്ത് കൊടുത്തതിന്‍റെ പ്രതിഫലമാണോ ഇതെന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ആവശ്യപ്പെട്ടു. സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കാറുകൾ പ്രാപ്തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം അങ്ങനെ ചെയ്തതെന്നും ചിന്ത ജെറോം പ്രതികരിച്ചു.
കേരളത്തിലെ ഒരു മന്ത്രി സുഹൃത്തിന്‍റെ ആഡംബരക്കാറാണോ ഉപയോഗിക്കുന്നത്? എന്താണ് അങ്ങിനെയൊരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതെന്നുള്ള കാര്യം മുഖ്യമന്ത്രി വിശദീകരിക്കേണ്ടിയിരിക്കുന്നു. തന്‍റെ ക്യാബിനറ്റിലുള്ള ഒരു മന്ത്രിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു കാർ പോലും നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ. അതുകൊണ്ടാണോ അദ്ദേഹം സുഹൃത്തിന്‍റെ ആഡംബരക്കാർ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ യാത്ര ചെയ്യുന്നതെന്നത് സ്വാഭാവികമാണ്. ചിന്ത പറഞ്ഞു.
ഇതിനൊക്കെ ഗൈഡ്ലൈൻസ് ഉണ്ട്. യഥാർത്ഥത്തിൽ ഇത് സത്യപ്രതിജ്ഞാലംഘനമാണ്. മറ്റുള്ളവരോട് പ്രീതി ഉണ്ടാകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരത്തിൽ എത്തിയ യുഡിഎഫിന്‍റെ മന്ത്രി സ്വന്തം സർക്കാർ വാഹനം അറബിക്കടലിൽ എറിഞ്ഞുനൽകിക്കൊണ്ടാണ് ഇങ്ങനെ ഒരു സുഹൃത്തിന്‍റെ ആഡംബരക്കാർ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. സൗജന്യമായി അങ്ങനെ നൽകുമ്പോൾ അതിന് പിന്നിൽ മറ്റ് ചില താൽപര്യങ്ങൾ ഉണ്ടായേക്കാം. അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന്‍റെ പ്രതിഫലമാണോയെന്നുള്ളതും പരിശോധിക്കേണ്ടതുണ്ട്. ചിന്ത കൂട്ടിച്ചേർത്തു.
മന്ത്രിയുടെ സ്വകാര്യവാഹനത്തെ കുറിച്ചുള്ള വ്യാപകമായ ചർച്ചകളും വിവാദങ്ങളും ഉടലെടുത്തതോടെ വിശദീകരണവുമായി കെ.എം ഷാജി തന്നെയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സുഹൃത്ത് നൽകിയതാണെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ, ഈ വിശദീകരണം അപര്യാപ്തമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.
