നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ
നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ 8ന് പ്രഖ്യാപിക്കാനിരിക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങൾ പുറത്ത്. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കാവ്യയുടെ നമ്പറുകൾ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, ആർ യു കെ അണ്ണൻ, മീൻ, വ്യാസൻ എന്നിവയായിരുന്നു വ്യാജ പേരുകൾ
കാവ്യയുമായുള്ള ബന്ധം ആദ്യഭാര്യ മഞ്ജു വാര്യരിൽ നിന്ന് മറച്ചുവെക്കാനായിരുന്നു ഇത്തരത്തിൽ മറ്റ് പേരുകൾ നൽകിയിരുന്നത്. ദിൽ കാ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു
കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെന്നും ദിലീപ് വാദിച്ചു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി കാരണമായിരുന്നില്ലെന്നും ദിലീപ് വാദിച്ചു
എന്നാൽ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2012ൽ തന്നെ മഞ്ജു വാര്യർ തിരിച്ചറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപിന്റെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. സംശയം തോന്നിയതോടെ സംയുക്ത വർമക്കും ഗീതു മോഹൻദാസിനും ഒപ്പം നടിയെ പോയി കാണുകയായിരുന്നു. തുടർന്ന് നടി ഇക്കാര്യം പറയുകയും ചെയ്‌തെന്ന് പ്രോസിക്യൂഷൻ പറഞ്ഞു
