മഞ്‍ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ഹർജി; വിസ്തരിക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജം

നടിയെ ആക്രമിച്ച കേസിൽ മഞ്‍ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് കേസിലെ എട്ടാം പ്രതിയായ ദിലീപ്. ഈ ആവശ്യം ഉന്നയിച്ച് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പുതിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്കുമുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നു.
തെളിവുകളുടെ വിടവു നികത്താനാണ് മുൻ ഭാര്യയായ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. 16നാണ് മഞ്ജു വാര്യരെ
വീണ്ടും വിസ്തരിക്കാനിരിക്കുന്നത്. കേസിൽ 34ാം സാക്ഷിയായ മഞ്ജുവിനെ നേരത്തേയും വിസ്തരിച്ചിരുന്നു.
കേസിലെ വിചാരണ എന്തുകൊണ്ടാണ് അനന്തമായി നീണ്ടു പോവുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെസുപ്രീംകോടതി ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടിവിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. നടി മഞ്ജു വാര്യർ ഉള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം വന്നത്.