ദുരിതാശ്വാസ നിധിയിലേത് സംഘടിത തട്ടിപ്പെന്ന് വിജിലൻസ് ഡയറക്ടർ; സർക്കാരിനും പരാതി

manoj

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പന്നിൽ സംഘടിതമായ ശ്രമമുണ്ട്. ഇതുവരെ രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ കാലം പുറകോട്ടു പോയി ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും മനോജ് എബ്രഹാം പറഞ്ഞു

ഓപറേഷൻ സിഎംഡിആർഎഫ് നടത്തിയത് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്. സർക്കാരിൽ നിന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ക്രമക്കേടുകൾ എല്ലാ ജില്ലകളിലും ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്ന് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും മനോജ് എബ്രഹാം പറഞ്ഞു

സംഘടിതമായ തട്ടിപ്പാണെന്നാണ് മനസ്സിലാക്കുന്നത്. അർഹതപ്പെട്ടവർക്ക് സഹായ വിതരണത്തിന് തടസ്സമുണ്ടാകില്ല. അന്വേഷണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്ന് മനോജ് എബ്രഹാം അറിയിച്ചു.
 

Share this story