മരുന്നിന് ഡിസ്‌കൗണ്ട് നൽകാം; പക്ഷേ ബോർഡ് വെച്ച് പറ്റിക്കരുത്: ഫാർമസികളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഹൈക്കോടതി വിലക്ക്

Dis

കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസ്‌കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഫാർമസികളിൽ വ്യക്തതയില്ലാത്തതും അതിശയോക്തി കലർന്നതുമായ വിലക്കുറവ് പരസ്യങ്ങൾ നൽകുന്നത് തടയാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പുറപ്പെടുവിച്ച സർക്കുലർ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശരിവെച്ചു.

​പുതിയ ഡ്രഗ് ലൈസൻസിനും നിലവിലുള്ളവ പുതുക്കുന്നതിനും അപേക്ഷിക്കുമ്പോൾ 'വ്യാജമായോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ഉള്ള ഡിസ്‌കൗണ്ട് ബോർഡുകൾ സ്ഥാപിക്കില്ല' എന്ന് സത്യവാങ്മൂലം നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഫാർമസി ഉടമകൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി വിധി. പൊതുജനതാത്പര്യം മുൻനിർത്തി ഇത്തരം വ്യവസ്ഥകൾ കൊണ്ടുവരാൻ ഡ്രഗ്സ് കൺട്രോളർക്ക് പൂർണ്ണ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിലക്കുറവിന് തടസ്സമില്ല; പരസ്യത്തിനാണ് നിയന്ത്രണം

ഫാർമസികൾ മരുന്നുകൾക്ക് പരമാവധി വില്പനവിലയേക്കാൾ (MRP) കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്നതിനോ യഥാർത്ഥ ഡിസ്‌കൗണ്ടുകൾ ലഭ്യമാക്കുന്നതിനോ കോടതി എതിരല്ല. എന്നാൽ, '80% വരെ ഡിസ്‌കൗണ്ട്' എന്ന രീതിയിൽ വൻതോതിൽ ബോർഡുകൾ സ്ഥാപിച്ച് ആളുകളെ ആകർഷിക്കുകയും, പിന്നീട് കൃത്യമായ ഇളവുകൾ നൽകാതിരിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ ബിസിനസ്സ് രീതികൾ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ബോർഡുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും വിപണിയിൽ തെറ്റായ മത്സരം ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ എന്ന് കോടതി നിരീക്ഷിച്ചു.

​ഡ്രഗ്സ് കൺട്രോളറുടെ പരിഷ്കരിച്ച നിർദ്ദേശപ്രകാരം, മരുന്നുകളുടെ വിലയെക്കുറിച്ച് വ്യക്തതയില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ബോർഡുകൾ സ്ഥാപിക്കില്ലെന്ന് മെഡിക്കൽ ഷോപ്പ് ലൈസൻസികൾ ഉറപ്പുനൽകേണ്ടിവരും. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന കടകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

Tags

Share this story