ആര്യ രാജേന്ദ്രനുമായി തർക്കം: ജോലി നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഇനി നിയമസഭാ വാഹനത്തിന്റെ അമരക്കാരൻ

Arya Yadhu

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയുമായുണ്ടായ റോഡ് തർക്കത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവർ എൽ.എച്ച്. യദുവിന് പുതിയ തൊഴിൽ. നിയമസഭയിലെ താൽക്കാലിക ഡ്രൈവർ തസ്തികയിലാണ് യദുവിന് നിയമനം ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അദ്ദേഹം നിയമസഭാ സെക്രട്ടേറിയറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം. പ്രതിപക്ഷ സംഘടനകളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് യദുവിന് പുതിയ ജോലി ലഭിക്കാൻ വഴിയൊരുങ്ങിയത്.

തനിക്ക് നീതി ലഭിച്ചെന്നും, പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും" പുതിയ ജോലി ലഭിച്ച ശേഷം യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

​കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യദുവിനും കുടുംബത്തിനും ഈ പുതിയ നിയമനം വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

വിവാദ സംഭവം: കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പാളയത്ത് വെച്ച് മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിൽ റോഡിൽ വെച്ച് തർക്കമുണ്ടാകുന്നത്. ഡ്രൈവർ തങ്ങളോട് അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയറും, മേയറുടെ വാഹനം കെ.എസ്.ആർ.ടി.സി ബസ് തടറിയിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് യദുവും ആരോപിച്ചിരുന്നു.

ജോലി നഷ്ടപ്പെടൽ: വിവാദങ്ങൾക്ക് പിന്നാലെ കെ.എസ്.ആർ.ടി.സിയിലെ കരാർ ജീവനക്കാരനായിരുന്ന യദുവിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും പിന്നീട് ജോലി നഷ്ടമാവുകയുമായിരുന്നു.

നിയമപോരാട്ടം: സംഭവവുമായി ബന്ധപ്പെട്ട് മേയർക്കും എം.എൽ.എയ്ക്കുമെതിരെ യദു കോടതിയെ സമീപിക്കുകയും കേസ് നിലവിൽ നിയമനടപടികളിലുമായിരുന്നു.

Tags

Share this story