അയോഗ്യതാ ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; മേൽക്കോടതി തീരുമാനം നിർണായകമാകും

rahul

മാനഷ്ടക്കേസിൽ രണ്ട് വർഷം തടവ് എന്ന പരമാവധി ശിക്ഷ ലഭിച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടാകും രാഹുലിന് ഇനി നിർണായകമാകുക. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീം കോടതി സ്വീകരിച്ചിട്ടുണ്ട്

ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി തുടങ്ങി ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരുമെന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. 

ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുലിന് വിധിച്ചത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാകാനുള്ള സാഹചര്യമൊരുങ്ങും. തത്കാലം വിധി അപ്പീലിനായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനാൽ ഉടൻ രാഹുൽ ഗാന്ധി അയോഗ്യനാകില്ല.
 

Share this story