ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണം; പ്രധാനമന്ത്രി പരാമര്‍ശം തിരുത്തണമെന്ന് കാന്തപുരം

ഭിന്നിപ്പിന്റെ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നവര്‍ രാഷ്ട്രശരീരത്തില്‍ ഏല്‍പിക്കുന്ന മുറിവുകള്‍ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. 

പ്രധാനമന്ത്രിയെ പോലൊരാള്‍ അത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
 

Share this story