ഭക്ഷണം നിഷേധിക്കരുത്; സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി
Jan 25, 2025, 12:38 IST

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചന. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത്. വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യമാകും. 60 ശതമാനം പേർക്ക് ഇന്നലെ വരെ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളതിനാലാണ് ചർച്ചയിൽ ധനമന്ത്രി പോയത്. അല്ലാതെ വ്യാപാരികൾ പറഞ്ഞതു പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വിശദമാക്കി ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിലെടുത്ത് സമരത്തിൽ നിന്ന് പിൻമാറണം. സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തലയിൽ സമരം അടിച്ചേൽപ്പിക്കാൻ സർക്കാർ അനുവദിക്കില്ല. വ്യാപാരികളുമായി തർക്കത്തിനില്ലെന്നും 40 കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു