രാത്രിയിൽ യാത്രക്കാരെ വഴിയിൽ ഇറക്കി വിടരുത്; ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി മാതൃകാപരമെന്ന് മന്ത്രി

ganesh

ശബരിമല തീർഥാടകരെ രാത്രി നിലയ്ക്കൽ വനമേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ സ്വീകരിച്ച അച്ചടക്ക നടപടി മാതൃകാപരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു. കണ്ടക്ടറെ കാഞ്ഞങ്ങാടേക്കാണ് സ്ഥലം മാറ്റിയത്

രാത്രിയിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണ്. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവുണ്ട്. കാട്ടിൽ ഇറക്കി വിട്ട നടപടി അംഗീകരിക്കാനാകില്ല. പണമില്ലെങ്കിൽ പോലും അങ്ങനെ ചെയ്യരുത്. വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു

വയോധികരും കുഞ്ഞുമടങ്ങുന്ന 13അംഗ സംഘത്തെയാണ് നിലയ്ക്കൽ വനമേഖലയിൽ ഇറക്കി വിട്ടത്. ഏറെ നേരം വനമേഖലയിൽ കാത്തുനിന്ന ശേഷം വാഹനം വിളിച്ചുവരുത്തിയാണ് ഇവർ യാത്ര തുടർന്നത്. ഡ്രൈവർ മാത്രമാണ് പ്രശ്‌നമുണ്ടാക്കിയതെന്നും കണ്ടക്ടർ തങ്ങൾക്കൊപ്പമാണ് നിന്നതെന്നും യാത്രക്കാർ പ്രതികരിച്ചിരുന്നു.
 

Tags

Share this story