അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി പൊലീസ്

Call

തിരുവനന്തപുരം: അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ വഴി നടക്കുന്നത് വന്‍ തട്ടിപ്പ്. ഇത്തരം ഹണിട്രാപ്പിൽ പെടുന്നത് ചിലപ്പോൾ അറിയാതെ വേണമെങ്കിലും ആകാമെന്നതിനാല്‍ തികഞ്ഞ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അപരിചിതരുടെ സൗഹൃദാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോഡ് എടുക്കുകയും ചെയ്തേക്കാം.

ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. കഴിഞ്ഞ ദിവസം ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പൊലീസ് പിടികൂടിയിരുന്നു. ജയ്പൂരിൽ എത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയതോടെ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്.

പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. സമൂഹ മാധ്യമ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്.

അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയുകയും ചെയ്യും. തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു.

Share this story