ഒരു രൂപയുടെ നോട്ടുണ്ടോ;1000 രൂപയുടെ ഷൂ ഫ്രീ: കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം

Kozhicode

നഗരത്തിൽ പുതിയ ഫുട്ട്‌വെയർ ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ പരസ്യത്തിന് പിന്നാലെ സംഘർഷം. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 100 പേർക്ക് 1000 രൂപ വിലയുള്ള ഷൂസ് ഒരു രൂപയ്ക്ക് നൽകുമെന്നായിരുന്നു കടയുടമ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ഈ വാഗ്ദാനം കേട്ട് വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാനാവാത്ത വിധം തിരക്ക് വർദ്ധിക്കുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇതിനെത്തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി കട അടപ്പിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശി. ഈ ലാത്തിച്ചാർജിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ജനങ്ങളെ വിളിച്ചുകൂട്ടിയതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

Tags

Share this story