കർണാടകയിൽ ഡോക്ടർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; എട്ടുവയസ്സുകാരനായ മകന് കുത്തേറ്റു: ഭാര്യ കസ്റ്റഡിയിൽ
ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനസ്‌തറ്റിസ്റ്റായ ഡോ. കിരൺ ഹൊന്നണ്ണവർ (45) ആണ് മരിച്ചത്. ഇവരുടെ എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായി കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭാര്യയും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ധാർവാഡ് ബരകോത്രിയിലെ അപ്പാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. നിരവധി കുത്തേറ്റ നിലയിലാണ് ഡോ. കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോൾ കുത്തേറ്റ മകൻ ജീവനോടെയുണ്ടായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
കൊലപാതകം നടന്ന സമയത്ത് ഫ്ലാറ്റിലേക്ക് പുറത്തുനിന്ന് ആരും വന്നതിന്റെ സൂചനകളില്ലെന്നും ഡോ. കിരൺ, ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്നും ഹുബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. കിരണിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും മകൻ മരണത്തോട് മല്ലടിക്കുമ്പോഴും പ്രിയങ്ക മറ്റൊരു മുറിയിലിരുന്ന് മൊബൈൽ ഫോൺ നോക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ കിരണിന്റെ ഫോണിലേക്ക് വന്ന കോളുകൾ പ്രിയങ്കയാണ് അറ്റൻഡ് ചെയ്തിരുന്നത്. ഓരോരുത്തരോടും കിരണിന്റെ പരുപാടി സംബന്ധിച്ച് വ്യത്യസ്തമായ മറുപടികളാണ് ഇവർ നൽകിയിരുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
