ഡോക്ടർ വന്ദനയെ കുത്തിയത് അധ്യാപകനായ സന്ദീപ്; മയക്കുമരുന്നിന് അടിമ, സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിനെ(23) കുത്തിക്കൊലപ്പെടുത്തിയ പ്രതി അധ്യാപകൻ. പൂയംപള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. കുണ്ടറ നെടുമ്പന യുപി സ്‌കൂൾ അധ്യാപകനാണ് ഇയാൾ. എംഡിഎംഎ ഉപയോഗിച്ച കേസിൽ നിലവിൽ സസ്‌പെൻഷനിലാണെന്ന് പോലീസ് പറയുന്നു

മയക്കുമരുന്നിന് അടിമയാണ് സന്ദീപ്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരമായി ഇയാൾ പ്രശ്‌നമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും ഇയാൾ പ്രശ്‌നമുണ്ടാക്കുകയും തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പുലർച്ചെയോടെ വൈദ്യ പരിശോധനക്കായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്

വീട്ടിലുണ്ടായ പ്രശ്‌നത്തിനിടെ ഇയാൾക്ക് കാലിന് മുറിവേറ്റിരുന്നു. ഇതിന് ചികിത്സ നൽകുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് ഇയാൾ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ തവണ ഇയാൾ വന്ദനയെ കുത്തി. തടയാൻ ശ്രമിച്ച പോലീസുകാർക്കും ആശുപത്രിയിലുണ്ടായിരുന്നവർക്കും പരുക്കേറ്റു. ഡോക്ടറുടെ നെഞ്ചിൽ കയറിയിരുന്നാണ് ഇയാൾ തുരുതുരാ കുത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നു.
 

Share this story