വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാൽ വെട്ടരുത്; വഖഫ് ബോർഡിനും മുഖ്യമന്ത്രി വി.ഡി. സതീശനും ദീപികയുടെ രൂക്ഷ വിമർശനം
കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉദീദ് (UDEED) പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. വഖഫ് ബോർഡിൻ്റെ ഈ നടപടി മതേതര കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. വഖഫ് ബോർഡിനെ കൂടാതെ മുഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് പാർട്ടിയെയും എഡിറ്റോറിയലിലൂടെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
"തങ്ങളുടേതെന്ന് തങ്ങൾക്ക് തോന്നുന്ന ഏത് സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നത് നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിൻ്റെ പങ്ക് ചരിത്രത്തിലുണ്ടാകും" എന്ന് വഖഫ് ബോർഡിനെതിരെ പത്രം തുറന്നടിക്കുന്നു.
അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശൻ പറഞ്ഞിരുന്ന കാര്യം എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നുണ്ട്. കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലും പുതിയ സർക്കാർ റദ്ദാക്കിയപ്പോൾ, മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്നും സ്വന്തം സ്ഥലം വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത മനുഷ്യരുടെ അവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ അവസ്ഥയിലാണ് മുനമ്പത്തെ മനുഷ്യരും ഇപ്പോൾ കഴിയുന്നത്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ്റെ വാക്കുകളെ ചൂണ്ടിക്കാട്ടി, "നീതിക്കുപോലും മതം തടസമാണെന്ന് വരികയാണോ? സർക്കാരിൻ്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിൻ്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?" എന്നും ദീപിക ചോദിക്കുന്നു.
വഖഫ് നിയമം നിർമ്മിച്ച കോൺഗ്രസ് പാർട്ടിക്കെതിരെയും എഡിറ്റോറിയലിൽ വിമർശനമുണ്ട്. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ചുവിട്ട ഒരു നിയമം മുനമ്പത്തുൾപ്പെടെ എത്രയോ മനുഷ്യരെയാണ് വഴിആധാരമാക്കുന്നത് എന്നും ദീപിക എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തുന്നു.
